ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത 2026' ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു. രൂപതയുടെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന, കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ റാലി, ഫാ. നിഥിൻ ഇലഞ്ഞിമറ്റം നയിച്ച ക്ലാസ്, തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നടത്തിയ ആശയ വിനിമയം എന്നിവയും ഉണ്ടായിരുന്നു.
മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.